05:12pm 24 November 2026
NEWS
ഉച്ചമയക്കം ഒഴിവാക്കാൻ തുടങ്ങിയ ചെസ്; ഇന്ന് ലോകചാമ്പ്യൻഷിപ്പ് വേദിയിൽ ഗുകേഷിനെ നേരിടുന്ന 20-കാരൻ
24/11/2026  04:14 AM IST
nila
ഉച്ചമയക്കം ഒഴിവാക്കാൻ തുടങ്ങിയ ചെസ്; ഇന്ന് ലോകചാമ്പ്യൻഷിപ്പ് വേദിയിൽ ഗുകേഷിനെ നേരിടുന്ന 20-കാരൻ

 

നഴ്സറിയിലെ ഉച്ചമയക്കത്തിൽ ഉറങ്ങാൻ താൽപര്യമില്ലാതിരുന്ന ഒരു കൊച്ചുപയ്യൻ ചെസ് കളിക്കാൻ തുടങ്ങി. ഉറങ്ങുന്നതിനുപകരം ചെസ് കളിക്കാമെന്ന ആ കുഞ്ഞിന്റെ ആഗ്രഹം ഇന്ന് എത്തിനിൽക്കുന്നത് ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദിയിലാണ്. ഇന്ത്യയുടെ ഡി. ഗുകേഷിനെ ലോകകിരീട പോരാട്ടത്തിൽ നേരിടാനിറങ്ങുന്ന ഉസ്ബക്കിസ്ഥാന്റെ 20-കാരൻ ജാവോഖിർ സിന്ദറോവിന്റെ വളർച്ചയ്ക്ക് പിന്നിൽ പരാജയങ്ങളും കുടുംബത്തിന്റെ ത്യാഗങ്ങളും തിരിച്ചുവരവിന്റെ കഥയുമുണ്ട്.

2005 ഡിസംബർ 8ന് ഉസ്ബക്കിസ്ഥാനിലെ താഷ്കന്റിലാണ് സിന്ദറോവ് ജനിച്ചത്. നഴ്സറിയിൽ ഉച്ചയ്ക്ക് ഉറങ്ങുന്നത് ഇഷ്ടമില്ലാതിരുന്ന അവനെ ഒരു സുഹൃത്താണ് ചെസ് ക്ലാസിലേക്ക് ക്ഷണിച്ചത്. ഉറങ്ങേണ്ട, കളിക്കുകയും ചെയ്യാം എന്ന ചിന്തയായിരുന്നു അന്ന് ചെസിലേക്ക് അവനെ ആകർഷിച്ചത്. ചെസ് പഠിക്കാൻ തുടങ്ങിയ വിവരം മുത്തച്ഛനോട് പറഞ്ഞതോടെ ആ താൽപര്യത്തിന് കൂടുതൽ പിന്തുണ ലഭിച്ചു.

സിന്ദറോവിന്റെ മുത്തച്ഛൻ കൊമിൽ സിന്ദറോവ് നിയമരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയും ഡിറ്റക്ടീവ് നോവലിസ്റ്റുമായിരുന്നു. കൊച്ചുമകന്റെ ചെസ് താൽപര്യം തിരിച്ചറിഞ്ഞ അദ്ദേഹം കളിയുടെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ചു. പിന്നീട് ചെസ് സ്കൂളുകളിലും ടൂർണമെന്റുകളിലും അവനൊപ്പം സഞ്ചരിച്ച് വളർച്ചയ്ക്ക് വഴിയൊരുക്കി. കൊച്ചുമകന്റെ കഴിവ് തിരിച്ചറിഞ്ഞ മുത്തച്ഛൻ അവന്റെ പരിശീലനത്തിനും മത്സരങ്ങൾക്കും വലിയ പ്രാധാന്യം നൽകി.

സഹോദരന്റെ സ്വപ്നം ഉപേക്ഷിച്ച ത്യാഗം

സിന്ദറോവിന്റെ വളർച്ചയ്ക്ക് പിന്നിൽ സഹോദരൻ ഇസ്ലോമിന്റെ ത്യാഗവും നിർണായകമാണ്. ഇസ്ലോമും മികച്ച ചെസ് താരമായിരുന്നു. ഇരുവരുടെയും കഴിവുകൾ വളർത്തുന്നതിനായി മുത്തച്ഛൻ സ്വന്തം പ്രൊഫഷണൽ ജീവിതം പോലും ഉപേക്ഷിച്ച് കൊച്ചുമക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. ടൂർണമെന്റുകൾക്കായി യാത്ര ചെയ്യാനും പരിശീലനത്തിനും മറ്റ് ചെലവുകൾ കണ്ടെത്താനും അദ്ദേഹം മുന്നിട്ടിറങ്ങി.

എന്നാൽ രണ്ട് പേരുടെയും ചെസ് കരിയർ ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കുടുംബത്തിന്റെ സാമ്പത്തികശേഷി മതിയായിരുന്നില്ല. ഒടുവിൽ അനുജന്റെ ഭാവിക്കായി ഇസ്ലോം സ്വന്തം പ്രൊഫഷണൽ ചെസ് സ്വപ്നങ്ങളിൽ നിന്ന് പിന്മാറി. കുടുംബത്തിന്റെ സാമ്പത്തിക പിന്തുണയും പരിശീലനത്തിനുള്ള വിഭവങ്ങളും ജാവോഖിറിന്റെ വളർച്ചയ്ക്കായി കേന്ദ്രീകരിക്കുകയായിരുന്നു.

ആദ്യ ടൂർണമെന്റിൽ എട്ട് തോൽവികൾ; 12-ാം വയസിൽ ഗ്രാൻഡ്മാസ്റ്റർ

ചെസ് കരിയറിന്റെ തുടക്കം സിന്ദറോവിന് അത്ര എളുപ്പമായിരുന്നില്ല. ആദ്യ ടൂർണമെന്റിൽ എട്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി. ബൈ ലഭിച്ചതിലൂടെയാണ് ആകെ ഒരു പോയിന്റ് നേടാനായത്. മറ്റ് കുട്ടികൾ മെഡലുകളുമായി മടങ്ങിയപ്പോൾ നിരാശയോടെ വീട്ടിലെത്തിയ സിന്ദറോവിന് ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ മുത്തച്ഛൻ പിന്തുണ നൽകി. ചോക്ലേറ്റുകളും ചെറിയ സമ്മാനങ്ങളും നൽകി നിരാശ മറക്കാൻ സഹായിച്ച അദ്ദേഹം, വീണ്ടും കളിയിലേക്ക് ശ്രദ്ധ തിരിക്കാൻ പ്രോത്സാഹിപ്പിച്ചു.

പിന്നീട് സിന്ദറോവിന്റെ പ്രകടനം മെച്ചപ്പെട്ടു. 2017ൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ താരം 2018 ഒക്ടോബറിൽ ഗ്രാൻഡ്മാസ്റ്ററായി. അന്ന് 12 വയസും 10 മാസവും 8 ദിവസവുമായിരുന്നു പ്രായം. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററെന്ന നേട്ടവും സ്വന്തമാക്കി.

വീഡിയോ ഗെയിമുകളിലേക്ക് വഴിമാറി; പിന്നീട് ശക്തമായ തിരിച്ചുവരവ്

കരിയറിന്റെ തുടക്കത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ഒരു ഘട്ടത്തിൽ സിന്ദറോവിന്റെ ശ്രദ്ധ ചെസിൽനിന്ന് മാറി. കൗണ്ടർ സ്ട്രൈക്ക് ഉൾപ്പെടെയുള്ള വീഡിയോ ഗെയിമുകൾക്ക് കൂടുതൽ സമയം ചെലവഴിച്ചതോടെ പരിശീലനത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല.

കോവിഡ് കാലത്തെ ഇടവേളയാണ് പിന്നീട് താരത്തിന് നിർണായകമായ തിരിച്ചറിവ് നൽകിയത്. ലോകത്തിലെ മികച്ച ചെസ് താരങ്ങൾക്കൊപ്പം മത്സരിക്കണമെങ്കിൽ കൂടുതൽ അച്ചടക്കവും കഠിനാധ്വാനവും ആവശ്യമാണെന്ന് മനസിലാക്കിയ സിന്ദറോവ് വീണ്ടും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

2025ൽ ഗോവയിൽ നടന്ന ഫിഡെ ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ സിന്ദറോവ് ചരിത്രം കുറിച്ചു. ടൂർണമെന്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും അന്ന് സ്വന്തമാക്കി. 19 വയസും 11 മാസവും 18 ദിവസവുമായിരുന്നു പ്രായം. ഈ വിജയമാണ് 2026ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയത്.

കാൻഡിഡേറ്റ്സിൽ ആധിപത്യം; ഇനി ഗുകേഷിനെതിരെ

സൈപ്രസിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിലും സിന്ദറോവ് തന്റെ മികവ് തുടർന്നു. 14 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടി തോൽവിയറിയാതെ കിരീടം സ്വന്തമാക്കിയതോടെ ലോകചാമ്പ്യൻഷിപ്പിൽ ഡി. ഗുകേഷിനെ നേരിടാനുള്ള അവസരവും ഉറപ്പിച്ചു.

ഇന്ന് ലോകകിരീടത്തിനായി ചെസ് ബോർഡിന് മുന്നിലിരിക്കുന്ന സിന്ദറോവിന്റെ യാത്രയിൽ മുത്തച്ഛൻ പകർന്ന പാഠങ്ങളും സഹോദരൻ ഉപേക്ഷിച്ച സ്വപ്നങ്ങളും കുടുംബം നൽകിയ പിന്തുണയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. നഴ്സറിയിലെ ഉച്ചമയക്കം ഒഴിവാക്കാൻ ചെസ് തിരഞ്ഞെടുത്ത ആ പയ്യൻ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചെസ് വേദികളിലൊന്നിൽ തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ്.

ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7.30ന് ലോകചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരം നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img